
തിരുവനന്തപുരം: പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ വാഹനം തടഞ്ഞ് എസ്.എഫ്.ഐ. പ്രവർത്തകരുടെ പ്രതിഷേധം. നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്ത് എം.എൽ.എ. ഹോസ്റ്റലിൽ എത്തിയശേഷം വീണ്ടും നിയമസഭയിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് എം.എൽ.എ. ഹോസ്റ്റലിന് മുന്നിൽവെച്ച് വാഹനം തടഞ്ഞത്.
പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് വാഹനം തടയുകയായിരുന്നു. ഈ സമയം സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നില്ല. കാറിൽത്തന്നെ ഇരുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ വാഹനത്തിന് നേരെ ആക്രമണങ്ങളൊന്നും ഉണ്ടായില്ല. പ്രതിഷേധമറിഞ്ഞ് പോലീസെത്തി എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ് അഭിറാം, സെക്രട്ടറി മിഥുൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി അഖിലേഷ് ഉൾപ്പെടെയുള്ള പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
എം.എൽ.എയെ ആക്രമിക്കാൻ വന്നതല്ലെന്നും, ജനവിരുദ്ധ പ്രവർത്തനങ്ങളോടുള്ള പ്രതിഷേധം അറിയിക്കുക മാത്രമാണ് ലക്ഷ്യമിട്ടതെന്നും എസ്.എഫ്.ഐ. നേതാക്കൾ പറഞ്ഞു. പോലീസ് അകമ്പടിയോടെയാണ് പിന്നീട് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലേക്ക് പോയത്. സംഭവത്തോട് എം.എൽ.എ. പ്രതികരിച്ചില്ല.









